ബാങ്കിങ്,പൊതുജനാരോഗ്യം,വികസനം എന്നീ മേഖലകളിലെ വൈവിധ്യമാര്‍ന്ന കരിയറിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ.നചികേത് മോര്‍. ബാങ്കിങ്ങിൽ തുടങ്ങിയ കരിയർ ഐസിഐസിഐ ബാങ്ക് ബോർഡിൻ്റെ ഹോള്‍-ടൈം ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. പിന്നീട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരിലൊരാളായി സേവനമനുഷ്ഠിച്ചു. നബാര്‍ഡ്, കെയര്‍, വിപ്രോ, ക്രിസില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ വികസനം പ്രത്യേകിച്ച് പൊതുജനാരോഗ്യരംഗത്ത് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ നാരായണ ഹൃദയാലയയില്‍ ബോര്‍ഡ് അംഗമാണ്. ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തെ പുനരാവിഷ്‌കരിക്കുന്നതിനുള്ള ലാന്‍സെറ്റ് സിറ്റിസണ്‍സ് കമ്മീഷനിലെ കമ്മീഷണര്‍ കൂടിയാണ് ഡോ. മോര്‍. ബനിയന്‍ അക്കാദമി ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ മെന്റല്‍ ഹെല്‍ത്തില്‍ വിസിറ്റിങ് സയന്റിസ്റ്റായും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായും സേവനം അനുഷ്ഠിക്കുന്നു. പൊതുജനാരോഗ്യത്തിലും സുസ്ഥിര വികസനത്തിലും തമിഴ്നാട്, മേഘാലയ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ സംരഭങ്ങളിൽ ഉപദേശകനായും അദ്ദേഹം പ്രവർത്തിക്കുന്നു.