നാടോട്ടി പാട്ടുമായി അക്ഷരോത്സവമണര്‍ത്തി രാജസ്ഥാനി ഗായക സംഘം..
തിരുവനന്തപുരം: രാജസ്ഥാനി നാടോടിപാട്ടുകാരുടെ സംഗീതവിരുന്നോടെ രണ്ടാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തിരിതെളിഞ്ഞു. കനകക്കുന്നിന്റെ പ്രധാനകവാടത്തിനരികില്‍ സ്വാഗതഗാനമോതിക്കൊണ്ടാണ് ഗായകസംഘം കാഴ്ച്ചക്കാരെ അക്ഷരനഗരിയിലേക്ക് സ്വാഗതം ചെയ്തത്.
രാജസ്ഥാനിലെ ജോദ്പൂരില്‍ നിന്നെത്തിയ എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.നാടന്‍പാട്ടിന്റെ താളത്തില്‍ കോര്‍ത്തിണക്കിയ ഒരോഗാനവും വന്‍കയ്യടികളോടെയാണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്.
രജപുത്രന്‍മാരുടെ കഥകള്‍ചേര്‍ത്തുവച്ചൊരുക്കിയ വരികളാണ് പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ടീം ലീഡര്‍ ഹീരാനാഥ് വിശദീകരിച്ചു. ''സംഗീതം തങ്ങള്‍ക്ക് പരമ്പരാഗതമായി പകര്‍ന്നുകിട്ടിയതാണ്. കുടുംബത്തിലെ ആറുതലമുറ പാടികൊണ്ട് ലോകം മുഴുവന്‍ ചുറ്റുന്നു, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഓസ്‌ട്രേലിയ,ദുബായ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലൂടെയും യാത്രചെയ്തു''വലിയ പാട്ടുയാത്രയെ ചെറിയ വാക്കുകളിലൂടെ ഹീരാനാഥ് വിശദീകരിച്ചു. ദേശ്, മാണ്ഡ് രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ പരമ്പരാഗത ഗാനങ്ങളാണ് വേദികളില്‍ പെതുവെ ആലപിക്കാറുള്ളത്. ഗായകപരമ്പര തന്നെ തുടരുന്ന ഇവര്‍ ചെറുപ്പനാളുകള്‍ മുതല്‍ക്കു തന്നെ, അഞ്ച്-ആറ് വയസ് പ്രായം മുതല്‍ക്കു തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
ആദ്യകാലത്ത് സാംരഗായിരുന്നു പാട്ടുകള്‍ക്ക് കൂട്ടുവന്നിരുന്നതെങ്കില്‍ ഇന്ന് ഹാര്‍മോണിയവും ദോലക്കെല്ലാമെല്ലാമാണ് ഈ ഗായകരുടെ പ്രധാന വാദ്യോപകരണങ്ങള്‍. ദഫ്‌ലി വാദകനായ ഹീരാനാഥ്, മജിരാ വാദകനായ പ്രകാശ് നാഥ്, ഗായകരായ സിക്കന്ദര്‍ ഖാന്‍, ഭര്‍ഖത് ഖാന്‍,സോനു ഖാന്‍,നാധൂ നാഥ്, ധോലക് വാദകനായ അസ്‌ലം ഖാന്‍, ഖര്‍താല്‍ വാദകനായ സകൂര്‍ ഖാന്‍ എന്നിവരാണ് നാടോടി സംഗീതത്തിലൂടെ അക്ഷരോത്സവവേദിയില്‍ കാഴ്ച്ചവിസ്മയമൊരുക്കിയത്.
Content Highlights: